അടയ്ക്കുക

സംസ്കാരം

കലയുടെയും സംസ്ക്കാരത്തിന്‍െറയും ഈറ്റില്ലമാണ് കോഴിക്കോട് നഗരം. മലബാറിലെ മുസ്ലീം സമുദായത്തിന്‍െറ പാരമ്പര്യ കലാരൂപങ്ങളായ ഒപ്പനയുടെയും, കോല്‍ക്കളിയുടെയും താളവും മാപ്പിളപ്പാട്ടിന്‍െറ ഇശലുകളും ഈ നഗരത്തിനെ കൂടുതല്‍ (മൊ‍ഞ്ചുള്ള മണവാട്ടി) സുന്ദരിയാക്കുന്നു. ജില്ലയുടെ വടക്കുഭാഗങ്ങളില്‍ അനുഷ്ഠാന ക്ഷേത്രകലകളായ തെയ്യവും ,തിറയാട്ടവും വളരെ വ്യാപകമായി ഇന്നും പ്രചാരത്തിലുണ്ട്. കേരളത്തിലെ പ്രശസ്തമായ ആയോധന കലയായ കളരിപ്പയറ്റും , അങ്കത്തട്ടില്‍ വീരേതിഹാസങ്ങള്‍ രചിച്ച ആരോമല്‍ച്ചകവരുടെയും , തച്ചോളി ഒതേനന്‍െറയും , ചന്തുച്ചേകവരുടെയും, വീരാംഗന ഉണ്ണിയാര്‍ച്ചയുടെയും ചരിതങ്ങള്‍ പാടിപ്പുകഴ്ത്തുന്ന വടക്കന്‍പാട്ടിന്‍െറ നാടന്‍ ശീലുകളിലില്‍പ്പോലും വടക്കേ മലബാറിന്‍െറ ഗ്രാമീണ മനസ്സിന്‍െറ ഈണമുണ്ട്. വര്‍ഷം തോറും തുലാമാസത്തില്‍ തളിമഹാശിവക്ഷേത്രത്തില്‍ വച്ചു നടക്കുന്ന, വേദ പണ്ഡിതമന്‍മാര്‍ ഒത്തുകൂടുന്ന “രേവതി പട്ടത്താനം “ എന്ന വിദ്വല്‍ സദസ്സ് കോഴിക്കോടന്‍ പ്രൗഡിയുടെ നേര്‍ക്കാഴ്ചയാണ്.

ഹിന്ദുസ്ഥാനി സംഗീതവും , ഗസലുകളും കോഴിക്കോടന്‍ രാവുകളെ സംഗീത സാന്ദ്രമാക്കുന്നതുപോലെ തന്നെ മുഹമ്മദ് റഫി, കിഷോര്‍കുമാര്‍,തലത്ത് മഹമൂദ് ,ഹേമന്ത് ദാ, മന്നാഡേ തുടങ്ങിയവരുടെ ശ്രുതിമധുരമായ അനശ്വര ഗാനങ്ങളും ഈ നഗരം എന്നും ഹൃദയത്തിലേറ്റുന്നു.സംഗീതം പോലെ തന്നെയാണ് കോഴിക്കോടിന് ഫുട്ബോളും .പുല്‍മൈതാനങ്ങളിലെ നാടന്‍ പന്തുകളി മുതല്‍ ” ഫിഫ” വേള്‍ഡ് കപ്പ് വരെ കോഴിക്കോട്ടുകാര്‍ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്.

കോഴിക്കോടന്‍ ഹല്‍വയുടെ മധുരം ആസ്വദിച്ച യൂറോപ്യന്‍മാര്‍ അതിനെ “സ്വീറ്റ് മീറ്റ് ” (എസ്.എം) എന്നു വിളിക്കുകയും , “എസ്.എം സ്ട്രീറ്റ്” എന്ന പേരിലും അറിയപ്പെടുന്ന ഈ നഗരത്തിന്‍െറ സ്വന്തമായ “മിഠായിത്തെരുവി” ന് സഞ്ചാര സാഹിത്യലോകത്തു പോലും ഖ്യാതി നേടി കൊടുക്കുകയും ചെയ്തു. ഇരുവശങ്ങളിലുമായി കച്ചവടസ്ഥാപനങ്ങള്‍ നിറഞ്ഞ , സദാ തിരക്കനുഭവപ്പെടുന്ന ഈ തെരുവിലെ കടകളില്‍ ലഭിക്കാത്തതായി ഒന്നുമില്ല എന്നു ആളുകള്‍ പറയുന്നത് അതിശയോക്തിയല്ല.

കേരളത്തിന്‍െറ ഭക്ഷണ തലസ്ഥാനം എന്നറിയപ്പെടുന്ന ഈ നഗരത്തിലെ ‘കോഴിക്കോടന്‍ ബിരിയാണി‘, ‘ചട്ടിപ്പത്തിരി‘, ‘ഇറച്ചിപ്പത്തിരി‘, ‘ഏലാഞ്ചി‘,‘പഴം നിറച്ചത്‘, ‘ഉന്നക്കായ‘, എന്നീ വിഭവങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍ തന്നെ ഭക്ഷണപ്രിയരുടെ വായില്‍ വെള്ളമൂറും. ചെറുനാരങ്ങയൊഴിച്ച ‘സുലൈമാനി‘, എന്ന സ്പെഷ്യല്‍ ചായയില്‍ പോലും കോഴിക്കോടന്‍ സല്‍ക്കാരത്തിന്‍െറ, സ്നേഹത്തിന്‍െറ കരുതലുണ്ട്.എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന കോഴിക്കോട് എന്ന ഈ മഹാനഗരം ഓണവും വിഷവും, ഈദും, ക്രിസ്മസും എല്ലാം സമഭാവനയടെ , സന്തോഷത്തോടെ ഒരുമിച്ചാഘോഷിക്കുന്നു