അടയ്ക്കുക

ജില്ലയെ കുറിച്ച്

ദക്ഷിണേന്ത്യയിലെ ഒരു കൊച്ചുസംസ്ഥാനമായ കേരളത്തില്‍ ,മലബാറിന്‍റ മനോഹരമായ തീരദേശത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ‘കാലിക്കറ്റ് ‘ എന്ന പേരിലും അറിയപ്പെടുന്ന കോഴിക്കോട്. കേരളത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കോഴിക്കോട് ,ലോകത്തിലെ തന്നെ വലിയ നഗരപ്രദേശങ്ങളില്‍ 195 ാം സ്ഥാനത്തുമാണ്. ശ്രേഷ്ഠമായ പൗരാണികതയുടെ ശേഷിപ്പുകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ നഗരം ,കേരളത്തിന്‍റ മധ്യകാലഘട്ടത്തിലെ ചരിത്ര രേഖകളില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന വ്യാപാര കേന്ദ്രങ്ങലിലൊന്നായി അറിയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ അനുഗ്രഹീത നഗരം “സുഗന്ധദ്രവ്യങ്ങളുടെ നഗരം” എന്നും വിളിക്കപ്പെട്ടിരുന്നു. മധ്യകാലഘട്ടത്തില്‍ ,സാമൂതിരി രാജവംശത്തിന്‍റ ആസ്ഥാനവും ,കാലാന്തരത്തില്‍ ബ്രിട്ടീഷ് ഭരണത്തില്‍ മലബാര്‍ ജില്ലയുടെ ആസ്ഥാനവുമായി കോഴിക്കോട് മാറി. ഏഴാം നൂറ്റാണ്ടിന്‍റ പ്രാരംഭത്തില്‍ അറബികള്‍ ഈ നഗരവുമായി കച്ചവടത്തിലേര്‍പ്പെട്ടിരുന്നു. പിന്നീട് 1498 മെയ് 20 ന് പോര്‍ച്ചുഗീസ് നാവികനായ വാസ്ക്കോഡഗാമ , കോഴിക്കോട് നങ്കൂരമിട്ടതോടെ യൂറോപ്പിനും മലബാറിനും ഇടയില്‍ പുതിയൊരു വാണിജ്യമാര്‍ഗ്ഗം സൃഷ്ടിക്കപ്പെട്ടു. ഒരു കാലത്ത് പോര്‍ച്ചുഗീസ് കോട്ടയും ,ഫാക്ടറിയും കോഴിക്കോട് നിലനിന്നിരുന്നു. (1151-1525 വരെയുള്ള കാലയളവില്‍)1615 ല്‍ ഇംഗ്ലീഷുകാരും(1665 ല്‍ വ്യാപാരകേന്ദ്രം നിര്‍മ്മിക്കപ്പെട്ടു) ,1698 ല്‍ ഫ്രഞ്ചുകാരും , 1752 ല്‍ ഡച്ചുകാരും, ഈ മണ്ണിലെത്തി. 1765 ല്‍ മൈസൂര്‍ രാജാവ് , മലബാര്‍ തീരമുള്‍പ്പെട്ട കോഴിക്കോട് തന്‍റ അധീനതയിലാക്കി.