അടയ്ക്കുക

ചരിത്രം

ദക്ഷിണേന്ത്യയിലെ ഒരു കൊച്ചുസംസ്ഥാനമായ കേരളത്തില്‍ ,മലബാറിന്‍റ മനോഹരമായ തീരദേശത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ‘കാലിക്കറ്റ് ‘ എന്ന പേരിലും അറിയപ്പെടുന്ന കോഴിക്കോട്. കേരളത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കോഴിക്കോട് ,ലോകത്തിലെ തന്നെ വലിയ നഗരപ്രദേശങ്ങളില്‍ 195 ാം സ്ഥാനത്തുമാണ്. ശ്രേഷ്ഠമായ പൗരാണികതയുടെ ശേഷിപ്പുകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ നഗരം ,കേരളത്തിന്‍റ മധ്യകാലഘട്ടത്തിലെ ചരിത്ര രേഖകളില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന വ്യാപാര കേന്ദ്രങ്ങലിലൊന്നായി അറിയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ അനുഗ്രഹീത നഗരം “സുഗന്ധദ്രവ്യങ്ങളുടെ നഗരം” എന്നും വിളിക്കപ്പെട്ടിരുന്നു. മധ്യകാലഘട്ടത്തില്‍ ,സാമൂതിരി രാജവംശത്തിന്‍റ ആസ്ഥാനവും ,കാലാന്തരത്തില്‍ ബ്രിട്ടീഷ് ഭരണത്തില്‍ മലബാര്‍ ജില്ലയുടെ ആസ്ഥാനവുമായി കോഴിക്കോട് മാറി. ഏഴാം നൂറ്റാണ്ടിന്‍റ പ്രാരംഭത്തില്‍ അറബികള്‍ ഈ നഗരവുമായി കച്ചവടത്തിലേര്‍പ്പെട്ടിരുന്നു. പിന്നീട് 1498 മെയ് 20 ന് പോര്‍ച്ചുഗീസ് നാവികനായ വാസ്ക്കോഡഗാമ , കോഴിക്കോട് നങ്കൂരമിട്ടതോടെ യൂറോപ്പിനും മലബാറിനും ഇടയില്‍ പുതിയൊരു വാണിജ്യമാര്‍ഗ്ഗം സൃഷ്ടിക്കപ്പെട്ടു. ഒരു കാലത്ത് പോര്‍ച്ചുഗീസ് കോട്ടയും ,ഫാക്ടറിയും കോഴിക്കോട് നിലനിന്നിരുന്നു. (1151-1525 വരെയുള്ള കാലയളവില്‍)1615 ല്‍ ഇംഗ്ലീഷുകാരും(1665 ല്‍ വ്യാപാരകേന്ദ്രം നിര്‍മ്മിക്കപ്പെട്ടു) ,1698 ല്‍ ഫ്രഞ്ചുകാരും , 1752 ല്‍ ഡച്ചുകാരും, ഈ മണ്ണിലെത്തി. 1765 ല്‍ മൈസൂര്‍ രാജാവ് , മലബാര്‍ തീരമുള്‍പ്പെട്ട കോഴിക്കോട് തന്‍റ അധീനതയിലാക്കി.

ചരിത്രത്തില്‍ ഈ നഗരം പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. മലയാളം സംസാരിക്കുന്ന ആളുകള്‍ ഈ ദേശത്തെ കോഴിക്കോട് എന്നു വിളിച്ചു.അറബികള്‍ “ക്വാലിക്കൂത്ത്” എന്നും തമിഴര്‍ “കള്ളിക്കോട്ടൈ” എന്നും വിളിച്ച നഗരം ചൈനക്കാര്‍ക്കിടയില്‍ “കാലിഫോ “എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കോഴിക്കോട് എന്നാണ് ഈ നഗരത്തിന്‍െറ ഔദ്യേഗിക നാമമെങ്കിലും ,ചില നേരങ്ങളില്‍ ” കാലിക്കറ്റ് “എന്നും വിളിക്കപ്പെടുന്നു. കോഴിക്കോട് തുറമുഖത്തുനിന്നും കയറ്റി അയച്ചിരുന്ന “കാലിക്കോ ” എന്ന ഒരു പ്രത്യേക ഇനം കൈത്തറി കോട്ടണ്‍ വസ്ത്രത്തിന്‍െറ പേര് “കാലിക്കറ്റ് ” എന്ന പേരില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു.

കോഴിക്കോട് പട്ടണത്തിന് വളരെയേറെ ചരിത്രപ്രാധാന്യമുണ്ട്. അനാദികാലം തൊട്ടേ ഈ പട്ടണം സഞ്ചാരികളുടെ പറുദീസയായിരുന്നു. അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ ,കോഴിക്കോട്ടുകാര്‍ ജൂതന്‍മാര്‍, അറബികള്‍, ഫിനീഷ്യന്‍മാര്‍, ചൈനക്കാര്‍ എന്നിവരുമായി സുഗന്ധദ്രവ്യങ്ങളായ കുരുമുളക്,ഏലം എന്നിവയുടെ കച്ചവടം നടത്തിരുന്നു. വളരെ സ്വതന്ത്രവും , സുരക്ഷിതവുമായ ഒരു തുറമുഖനഗരമായിട്ടാണ് അറബികളും, ചൈനക്കാരായ വ്യാപാരികളും കോഴിക്കോടിനെ പരിഗണിച്ചിരുന്നത്.

ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിത്തീരുന്നതിന് മുന്‍പ് മലബാറിന്‍െറ ഹൃദയമായിരുന്ന കോഴിക്കോട് ഭരിച്ചിരുന്നത് സാമൂതിരി മഹാരാജാക്കന്‍മാരുടെ പരമ്പരയായിരുന്നു. പോര്‍ച്ചുഗീസ് നാവികനായ വാസ്ക്കോഡഗാമ 1498 മെയ് (18 കി.മി വടക്ക്) മാസത്തില്‍ കോഴിക്കോട്ടെ കാപ്പാട് തീരത്ത് കപ്പലിറങ്ങിയതോടെയാണ് യൂറോപ്പുമായുള്ള വാണിജ്യ ബന്ധത്തിന് ഈ നഗരം നാന്ദി കുറിച്ചത്. ഗാമയെ അന്നത്തെ സാമൂതിരി മഹാരാജാവ് നേരിട്ട് സ്വീകരിക്കുകയായിരുന്നു. കോഴിക്കോടിന്‍െറ സമീപ പ്രദേശങ്ങള്‍ പോളാര്‍തിരി രാജാവ് ഭരിച്ച പോളനാടിന്‍െറ ഭാഗമായിരുന്നു. ദൂരദേശങ്ങളുമായുള്ള സമുദ്രവാണിജ്യത്തിന്‍െറയും വ്യാപാരത്തിന്‍െറയും ആനുകൂല്യവും ആധിപത്യവും ലഭിക്കാന്‍വേണ്ടി ഏറനാട്ടിലെ നെടിയിരുപ്പിലെ ഏറാടിമാര്‍ , പോളാര്‍തിരിയുമായി 48 വര്‍ഷം നീണ്ട യുദ്ധത്തിലേര്‍പ്പെടുകയും അവസാനം പന്നിയങ്കര ഉള്‍പ്പെടുന്ന പ്രദേശം കീഴടക്കുകയും ചെയ്തു.ശില്‍പ്പങ്ങളാലും , ചരിത്രസ്മാരകങ്ങളാലും പ്രൗഡമായ ഈ നഗരത്തിന് 2012 ജൂണ്‍ 7 മുതല്‍ “ശില്‍പ്പനഗരം” എന്ന വിശേഷണം കൂടി ലഭിച്ചു.