സ്ഥല വര്‍ണ്ണന
ഇന്ത്യയുടെ തെക്കു പടിഞ്ഞാറെ തീരത്താണ് കോഴിക്കോട് ജില്ല സ്ഥിതി ചെയ്യുന്നത് . . വടക്ക് ഭാഗത്ത് കണ്ണൂരും , കിഴക്ക് ഭാഗത്ത് വയനാടും , തെക്ക് ഭാഗത്ത് മലപ്പുറവും അതിരുകളായ ഈ ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലാണ്. കോഴിക്കോട് ജില്ലയെ പ്രധാനമായും മൂന്ന് ഭൂവിഭാഗങ്ങളായി തരം തിരിക്കാം. മണല്‍ നിറഞ്ഞ തീരദേശം, പശ്ചിമഘട്ടത്തിന്‍െറ ഭാഗമായ ഉയര്‍ന്ന മലമ്പ്രദേശങ്ങള്‍, ചെമ്മണ്ണു നിറഞ്ഞ ഇടനാട്. ആകെയുള്ള 2344സ്ക്വയര്‍.കി.മീ വിസ്തൃതിയില്‍ 362.85 സ്ക്വയര്‍.കി.മീ മണല്‍ നിറഞ്ഞ തീരദേശവും 1343.50സ്ക്വയര്‍.കി.മീ ചെമ്മണ്ണു നിറഞ്ഞ ഇടനാടും , 637.65 സ്ക്വയര്‍.കി.മീ ഉയരം കൂടിയ മലനിരകളടങ്ങിയ ഭൂപ്രദേശവുമാണ്. ജില്ലയിലെ നാലു താലൂക്കുകളിലുമായി ഈ ഭൂപ്രദേശങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. ഏകദേശം 80 കി.മീറ്ററോളം നീണ്ടു കിടക്കുന്ന തീരദേശമാണ് കോഴിക്കോട് ജില്ലയ്ക്കുള്ളത്. ജില്ലയുടെ ആകെയുള്ള വിസ്തൃതിയില്‍ 26.80 % ഉയര്‍ന്ന പ്രദേശങ്ങളും,15.55 % താഴ്ന്ന ഭൂപ്രദേശങ്ങളുമാണ്.