അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ വീടുകൾ ലഭ്യമാക്കാനുള്ള ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സമഗ്ര പാർപ്പിട സമുച്ചയ പദ്ധതി നടപ്പിലാക്കുന്നു. പേരാമ്പ്ര റോഡിൽനിന്ന് രണ്ടര കിലോ മീറ്റർ ദൂരത്തിൽ അഞ്ചനൂർ മലയിലെ 15 ഏക്കർ സ്ഥലത്താണ് 1,000 വാസഗൃഹങ്ങളുള്ള പാർപ്പിട സമുച്ചയം ലൈഫ് മിഷന്റെ ഭാഗമായി നിർമിക്കുന്നത്.

പാതകൾ, ജലനിർഗമന സംവിധാനങ്ങൾ, പൊതുവിളക്കുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യസംവിധാനങ്ങൾ, മാലിന്യ സംസ്‌കരണ സംവിധാനം, നഴ്‌സറി, പ്രാഥമിക വിദ്യാലയങ്ങൾ, ആരോഗ്യ പരിപാലന സൗകര്യങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രം, പൊതുപഠനമുറിയും വായനശാലയും, കമ്യൂണിറ്റി ഹാൾ, ഹെൽത്ത് ക്ലബ്, ശിശുസംരക്ഷണ കേന്ദ്രം, വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുവേണ്ടി പകൽ വീടുകൾ, വായനശാല എന്നിവ ഇതിലുണ്ടാവും. സൗരോർജ്ജ പദ്ധതിയടക്കമുള്ള വൈദ്യുതവിതരണ സംവിധാനങ്ങൾ, മഴവെള്ളസംഭരണി, ജലവിതരണ സംവിധാനം, പൊതു ഉദ്യാനങ്ങളും അനുബന്ധസൗകര്യങ്ങളും, കൂട്ടുകൃഷി, യന്ത്രരഹിത ഗതാഗത സംവിധാനങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രം, ഗുണഭോക്താക്കളാൽ നടത്തപ്പെടുന്ന പരിസ്ഥിതി സൗഹൃദ ചെറു വ്യവസായ കേന്ദ്രങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

പൊതു പങ്കാളിത്തം ഭൂമിയും അടിസ്ഥാന സൗകര്യ വികസനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം, സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിത സാമ്പത്തിക പിന്തുണ തുടങ്ങിയവയിലായിരിക്കും. സ്വകാര്യ പങ്കാളിത്തം കോർപ്പറേറ്റുകളുടെ സാമൂഹ്യ ഉത്തരവാദിത്ത നിധി, സംരഭക മേഖലകളിൽ നിന്നുള്ള ഇതര സംഭാവനകൾ, വ്യക്തിഗത സംഭാവനകൾ, സന്നദ്ധ-കാരുണ്യ പ്രവർത്തക സംഘടനകൾ വഴിയുള്ള സംഭാവനകൾ എന്നിവ വഴി തേടും. സ്വകാര്യ പങ്കാളികളുടെ ഏകോപനം മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സിന്റെ കുടക്കീഴിലായിരിക്കും.

സംഭാവനകളുടെ തരം ഇങ്ങനെയായിരിക്കും. ഡയമണ്ട്- 20000 യൂനിറ്റും (40 വാസഗൃഹങ്ങൾ) അതിന് മുകളിലും. പ്ലാറ്റിനം - 12000 യൂനിറ്റും (24 വാസഗൃഹങ്ങൾ) അതിന് മുകളിലും. ഗോൾഡ്-4000 യൂനിറ്റും (എട്ട് വാസഗൃഹങ്ങൾ) അതിന് മുകളിലും. സിൽവർ- 2000 യൂനിറ്റും (നാല് വാസഗൃഹങ്ങൾ) അതിന് മുകളിലും. വ്യക്തിഗത സംഭാവന എത്ര യൂനിറ്റുമാവാം. സമുച്ചയത്തിനകത്ത് സ്വതന്ത്ര കെട്ടിടങ്ങൾ സ്വതന്ത്ര പങ്കാളിയുടെ ബ്രാൻഡിംഗോടെ നിർമ്മിക്കുന്നതിനുള്ള അവസരമുണ്ടാവും. സമുച്ചയത്തിന്റെ രൂപകൽപനയ്ക്കായി ഡിസൈനിംഗ് മത്സരം സംഘടിപ്പിക്കും.

പദ്ധതിയുടെ അംഗീകൃത നിർമാണ ചുമതലക്കാർ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. സ്വതന്ത്ര സാങ്കേതിക പിന്തുണ എൻ ഐ ടി, കോഴിക്കോട് നൽകും. ജില്ലാ കളക്ടർ ചെയർമാനായ സമിതിയാണ് പദ്ധതി നടപ്പിലാക്കുക. മലബാർ ചേംബറിന്റെ പ്രസിഡൻറ് രണ്ട് പ്രതിനിധികൾ, തദ്ദേശ സ്വയംഭരണവകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ, എൻ.ഐ.ടി സിവിൽ എഞ്ചിനീയറിംഗ് വിഭാഗം വകുപ്പ് മേധാവി, എൻ.ഐ.ടി ആർക്കിടെക്റ്റ് വിഭാഗം വകുപ്പു മേധാവി എന്നിവർ അംഗങ്ങളും റീജ്യനൽ ടൗൺ പ്ലാനർ മെമ്പർ സെക്രട്ടറിയുമായിരിക്കും. റീജ്യനൽ ടൗൺ പ്ലാനർ ഓഫീസ് മലബാർ ചേംബറിന്റെ സഹായത്തോടെ സെക്രട്ടറിയേറ്റ് ആയി പ്രവർത്തിക്കും.

ഇതു സംബന്ധിച്ച് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ യു.വി ജോസ് അധ്യക്ഷത വഹിച്ചു. മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡൻറ് പി.വി നിധീഷ്, മലബാർ ഗ്രൂപ്പിന്റെ പ്രതിനിധി കെ.പി നാരായണൻ, നിത്യാനന്ദ് കാമത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസർ എം.എ ഷീല,എൻ.ഐ.ടി കോഴിക്കോട് ആർക്കിടെക്ചർ വകുപ്പ് മേധാവി ഡോ. കസ്തൂർബ എ.കെ, സിവിൽ എൻജിനീയറിംഗ് വകുപ്പ് മേധാവി ഡോ. ടി. സക്കറിയ വർഗീസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാജേനർ രാജേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ എ. മുഹമ്മദ് അഷ്‌റഫ്, ദാരിദ്ര്യ നിർമാർജന മിഷൻ പ്രൊജക്ട് ഡയറ്ടർ പി. രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സി. മുരളീധരൻ, യു.എൽ.സി.സി.എസ് ചെയർമാൻ പി. രമേശൻ, ടൗൺപ്ലാനർ കെ.വി മുഹമ്മദ് മാലിക് തുടങ്ങിയവർ പങ്കെടുത്തു.