ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച മെഗാ സ്‌നേഹപ്പൂക്കളം മത്സരത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം. കക്കോടി ഗ്രാമപഞ്ചായത്ത്, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.

മതസൗഹാർദ്ദം, സാഹോദര്യം, മതനിരപേക്ഷത എന്നീ സന്ദേശങ്ങളുയർത്തി 32 പൂക്കളങ്ങളാണ് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ആസൂത്രണസമിതിയുടെ പുതിയ കെട്ടിടത്തിൽ ഒരുക്കിയത്. തുടർന്ന് സൗഹൃദ സമ്മേളനവും സമ്മാനദാനവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, മെംബർമാർ  തുടങ്ങിയവർ നേതൃത്വം നൽകി. പൂക്കളമത്സരത്തിന് സുനിർ അശോകപുരം, കെ.സി മഹേഷ്, അജയൻ കാരാടി എന്നിവർ വിധികർത്താക്കളായി.