മൂരാട് പുതിയ പാലം പണിയുന്നതിനുള്ള സ്ഥലം നാട്ടുകാർ മുൻകൂറായി കൈമാറിയാൽ ഈ സമ്പത്തികവർഷം തന്നെ നിർമാണം തുടങ്ങാൻ കഴിയുമെന്ന് ജില്ലാ കളക്ടർ യു.വി ജോസ് അറിയിച്ചു. പുതിയ പാലം പണിയുന്നതിനുള്ള സ്ഥലം കെ. ദാസൻ എം.എൽ.എ, ഉദ്യോഗസ്ഥ സംഘം എന്നിവരോടൊപ്പം കളക്ടർ സന്ദർശിച്ചു. പുതിയ പാലത്തിനായി സംസ്ഥാന സർക്കാർ ബജറ്റിൽ അമ്പത് കോടി അനുവദിച്ചിട്ടുണ്ട്. എന്നാൽ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നാഷനൽ ഹൈവേ അതോറിറ്റി അനുമതി നിഷേധിക്കുകയായിരുന്നു. ദേശീയ പാത വികസനം, പാലം നിർമാണം എന്നിവ രണ്ടായി പരിഗണിച്ച് പഴയ പാലത്തിന്റെ കിഴക്കു ഭാഗത്ത് പുതിയ പാലം നിർമിക്കുമെന്ന് കളക്ടർ പറഞ്ഞു. സർക്കാറിന്റെ നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനത്തിന് കാത്തുനിൽക്കാതെ പാലത്തിനായുള്ള സ്ഥലം നാട്ടുകാർ മുൻകൂറായി കൈമാറാൻ തയാറായാൽ നിർമാണത്തിന്റെ മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ കഴിയുമെന്ന് കളക്ടർ പറഞ്ഞു. പാലത്തിന്റെ ഇൻവെസ്റ്റിഗേഷനുള്ള എസ്റ്റിമേറ്റ് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് എട്ടിന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുമായുള്ള യോഗത്തിൽ ഇത് ചർച്ച ചെയ്യും. പുതിയ പാലത്തിന്റെ ഇൻവെസ്റ്റിഗേഷൻ, സോയിൽ ടെസ്റ്റ് എന്നിവ മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കാനാവും. ഇരുവശത്തും അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കൽ ഈ മൂന്ന് മാസത്തിനകം പൂർത്തിയാക്കാനായാൽ വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയാറാക്കി സർക്കാറിന് സമർപ്പിച്ച് ചുരുങ്ങിയത് രണ്ടുമാസം കൊണ്ട് ഭരണാനുമതി ലഭ്യമാക്കാനാവും. ജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ ഈ സാമ്പത്തിക വർഷം തന്നെ ഫെബ്രുവരി-മാർച്ചോടെ നിർമാണം തുടങ്ങാൻ കഴിയുമെന്നും കളക്ടർ അറിയിച്ചു. മൂന്ന് വരി പാലം നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇരുവശത്തും ഇതിനായി 100 മീറ്റർ വീതമാണ് ഏറ്റെടുക്കേണ്ടത്. പാലത്തിലെ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരമെന്ന നിലയിൽ റോഡിന്റെ ഇരുവശത്തും ഒരു മീറ്റർ വീതം വീതി കൂട്ടി ടാർ ചെയ്ത് നടുവിൽ ഡിവൈഡർ സ്ഥാപിക്കും. ഇത് അടിയന്തിരമായി ചെയ്യാൻ ദേശീയ പാത അധികൃതർക്ക് നിർദേശം നൽകി. ആഗസ്റ്റ് പത്തിന് ചേരുന്ന റോഡ് സേഫ്റ്റി യോഗത്തിൽ ഈ വിഷയം പരിഗണിക്കുമെന്നും കളക്ടർ അറിയിച്ചു.