ഭൂമി സംബന്ധിച്ച രേഖകളെല്ലാം കമ്പ്യൂട്ടർ വത്കരിക്കാനുളള ജില്ലാഭരണകൂടത്തിന്റെ ഉദ്യമത്തിന് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം. വില്ലേജു ഓഫീസുകളുടെ കീഴിൽ നടക്കുന്ന ക്യാമ്പുകളിലേക്ക് വിവിധ വില്ലേജുകളിൽ നടന്നുവരുന്ന വിവര ശേഖരണ ക്യാമ്പുകളിൽ വൻ ജനപങ്കാളിത്തമാണ്. സ്വകാര്യ വ്യക്തികളുടെ കൈവശമുളള ഭൂമിക്ക് വ്യക്തതയുണ്ടാക്കാനുവുമെന്നതാണ് ഭൂരേഖാ കമ്പ്യൂട്ടർ വത്കരണത്തിന്റെ പ്രയോജനം. ജില്ലയിലെ ഭൂസംബന്ധമായ വിവരങ്ങളെല്ലാം ക്രോഡീകരിക്കാൻ ജില്ലാ ഭരണകൂടത്തിന് സാധിക്കുകയും ചെയ്യും. ഇതോടെ ഭൂസംബന്ധമായ വിവരങ്ങളെല്ലാം ഒരു കുടക്കീഴിലാവും. രേഖകൾ കമ്പ്യൂട്ടർ വത്കരിക്കുന്നതോടെ നികുതിയടവ്, ഭൂസംബന്ധമായ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കൽ എന്നിവയ്ക്കും ഓൺലൈൻ സൗകര്യമൊരുക്കാനാവും. വ്യക്തിയുടെ കൈവശമുളള ഭൂമിയുടെ സർവ്വെ നമ്പർ, വിസ്തീർണ്ണം, ഭൂമിയുടെ തരം, ഭൂമിയിലെ അവകാശം, ആധാരത്തിന്റെ നമ്പറും തിയ്യതിയും, സബ് രജിസ്ട്രാർ ഓഫീസിന്റെ പേര്, തുടങ്ങിയ വിവരങ്ങളാണ് ക്യാമ്പുകളിൽ രേകഖൾ പരിശോധിച്ച് ശേഖരിക്കുന്നത്. ഇതോടൊപ്പം വ്യക്തി വിവരണങ്ങളും രേഖപ്പെടുത്തുന്നു.ഭൂമി സംബന്ധമായ രേഖ വ്യക്തികളിൽ നിന്ന് ഏതെങ്കിലും കാരണവശാൽ നഷ്ടപ്പെടാലും വിവരങ്ങൾ വീണ്ടെടുക്കാനാവും.

വില്ലേജുകളിലെ ഉദ്യോഗസ്ഥർക്ക് പുറമെ താലൂക്കുകളിലെ ഉദ്യോഗസ്ഥരും, ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നു. കുടുംബശ്രീ പ്രവർത്തകരും സന്നദ്ധ സംഘടനാ പ്രവർത്തകരും റസിഡൻസ് അസോസിയേഷനുകളും ക്യാമ്പുകളിൽഹെൽപ്പ് ഡെസ്‌ക്കുകൾ ഒരുക്കുന്നുണ്ട്. ചിലയിടങ്ങളിൽ റസിഡന്റ് അസോസിയേഷനുകൾ പ്രത്യേകം വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ തയ്യാറാക്കി പൊതുജനങ്ങളുടെ സംശയനിവാരണം നടത്തുന്നുണ്ട്.വിവരങ്ങൾ നല്കാനുളള ഫോറം വില്ലേജുകളിൽ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.

ഭൂരേഖാ കമ്പ്യൂട്ടർ വത്കരണത്തിനായുളള വിവരശേഖരണത്തിന് ആധാർ കാർഡ് നിർബന്ധമല്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ആധാർ കാർഡ് ഇല്ലാത്ത കാരണത്താൽ ചില ഭൂഉടമകൾ വിവരശേഖരണ ബൂത്തുകളിൽ എത്തുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. ഭൂമി സംബന്ധമായ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കന്നില്ല. ക്യാമ്പിൽ തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാൽ മതിയാവും.

ഈ മാസം അവസാനത്തോടെ വിവരശേഖരണം പൂർത്തിയാക്കാനാണ് ജില്ലാല ഭരണകൂടം ലക്ഷ്യമിടുന്നത്. ഒരു വില്ലേജിൽ മൂന്ന് ദിവസങ്ങളിലായി മൂന്ന് വീതം കൗണ്ടറുകൾ ഒരുക്കുന്നുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് ക്യാമ്പ്. ഏതെങ്കിലും വില്ലേജുകളിൽ തിരക്ക് വർദ്ധിക്കുകയാണെങ്കിൽ അധിക കൗണ്ടറുകൾ ഒരുക്കും. ക്യാമ്പ് ദിവസങ്ങളിൽ രേഖകൾ ഹാജരാക്കാൻ സാധിക്കാത്തവർക്ക് മതിയായ കാരണം ബോധിപ്പിച്ചാൽ പിന്നീട് അവസരം നൽകും. ഇങ്ങനെയുളളവരിൽ നിന്ന് വില്ലേജുകൾ വഴി വിവരം ശേഖരിക്കും. ജില്ലാ കലക്ടർ യു.വി.ജോസ് ചേവായൂർ വില്ലേജിലെ വിവരശേഖരണ ക്യാമ്പുകളിൽ ഇന്നലെ സന്ദർശനം നടത്തി. ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻകുട്ടി ക്യാമ്പിന് മേൽ നോട്ടം വഹിച്ചു. അനശ്വര റസിഡന്റസ് അസോസിയേഷൻ ഹെൽപ്പ് ഡെസ്‌ക് ഒരുക്കി. സി.രാധാകൃഷ്ണൻ നേതൃത്വം നൽകി.