ഭൂമി സംബന്ധിച്ച രേഖകളെല്ലാം കമ്പ്യൂട്ടർവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമാവുന്നു. വടകര താലൂക്കിലെ ചെക്യാട്, വളയനാട്, വേളം എന്നീ വില്ലേജുകളിലാണ് ഭൂരേഖ കമ്പ്യൂട്ടർവത്കരണത്തിന് ആഗസ്റ്റ് എട്ടിന് തുടക്കം കുറിക്കുക. ഭൂരേഖ കമ്പ്യൂട്ടർവത്കരണത്തിന്റെ വിവര ശേഖരണത്തിനുള്ള പ്രത്യേക ഫോറം വില്ലേജ് ഓഫീസുകളിൽ എത്തിച്ചിട്ടുണ്ട്. ഭൂവുടമകൾ ഇത് പൂരിപ്പിച്ച് ഒറിജിനൽ ആധാരം/പട്ടയം, പുതിയ നികുതി രശീതി എന്നിവ സഹിതം സമർപ്പിക്കണം. ഒരു വില്ലേജിലെ ഭൂമിയുടെ മുഴുവൻ വിവരവും ഒരു ഫോറത്തിൽ രേഖപ്പെടുത്തേണ്ടതാണ്. ഇതിനു പുറമെ ആധാർ കാർഡ് നമ്പർ, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പർ എന്നിവ രേഖപ്പെടുത്തേണ്ടതുണ്ട്. ഭൂമിയുടെ വിവരങ്ങൾ പൂർണമായും ഫോമിൽ പൂരിപ്പിക്കേണ്ടതാണ്.

ആഗസ്റ്റ് ഒമ്പതിന്‌ കോഴിക്കോട് താലൂക്കിലെ വളയനാട്, കോട്ടൂളി, ചാത്തമംഗലം, കുമരനല്ലൂർ, കൊടിയത്തൂർ വില്ലേജുകളിലും താമരശ്ശേരി താലൂക്കിലെ പനങ്ങാട് വില്ലേജിലും പത്തിന് കൊയിലാണ്ടി താലൂക്കിലെ ചേമഞ്ചേരി, അത്തോളി, ചക്കിട്ടപ്പാറ വില്ലേജുകളിലും വിവര ശേഖരണം നടക്കും. ബാക്കിയുള്ള വില്ലേജുകളിൽ സെപ്റ്റംബർ മാസത്തിനുള്ളിൽ പ്രവർത്തനങ്ങൾ നടക്കും. ഓരോ വില്ലേജിലെയും ക്യാമ്പ് തീയതി അറിയാൻ ബന്ധപ്പെട്ട വില്ലേജ് ഓഫീസിലോ താലൂക്ക് ഓഫീസിലോ അന്വേഷിക്കാവുന്നതാണ്. താലൂക്ക് ഓഫീസുകളുടെ ഫോൺ നമ്പർ: കോഴിക്കോട് 0495 2372966, കൊയിലാണ്ടി 0496 2620235, വടകര 0496 2522361, താമരശ്ശേരി 0495 2223088.

ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡൻറുമാർ, കോർപറേഷൻ സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറിമാർ, പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. അപേക്ഷ സമർപ്പിക്കുന്നതിന് പഞ്ചായത്തംഗങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായം ലഭിക്കും.