ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശരേഖയുടെ പശ്ചാത്തലത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന സമഗ്ര ശിശുവികസന പദ്ധതിയായ ബാലസൗഹൃദ തദ്ദേശ ഭരണം പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നതിന് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. സംസ്ഥാന സർക്കാറിന്റെയും യുനിസെഫിന്റെയും കിലയുടെയും നേതൃത്വത്തിലാണ് തദ്ദേശഭരണ സ്ഥാപനങ്ങൾ പദ്ധതി നടപ്പിലാക്കുന്നത്. കോഴിക്കോട് ജില്ലയിൽ തൂണേരി, കുറ്റ്യാടി, ചോറോട്, കോട്ടൂർ, കുന്ദമംഗലം, ബാലുശ്ശേരി, താമരശ്ശേരി, ഉണ്ണികുളം, ചെങ്ങോട്ടുകാവ്, കടലുണ്ടി എന്നീ പത്ത് ഗ്രാമപഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലുമാണ് പ്രാരംഭ ഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ പരിശീലനം കിലയിൽ നടന്നുവരുന്നു. ഈ സമഗ്രവികസന പരിപാടിയിൽ അതിജീവനം, വികസനം, സംരക്ഷണം, പങ്കാളിത്തം എന്നിവയാണ് ഉൾക്കൊള്ളുന്നത്. ഗർഭാവസ്ഥയിലുള്ള കുഞ്ഞുങ്ങൾ മുതൽ 18 വയസ്സ് വരെയുള്ളവരെയാണ് കുട്ടികൾ എന്ന ശ്രേണിയിൽ കണക്കാക്കിയിട്ടുള്ളത്.