ചൈൽഡ് ലൈൻ കോഴിക്കോടിന്റെയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലസുരക്ഷാ യാത്ര ഏഴാംഘട്ടത്തിന്റെ റിപ്പോർട്ട് ജില്ലാ കളക്ടർ യു.വി ജോസിന് സമർപ്പിച്ചു. ഏഴാം ഘട്ടത്തിൽ മേപ്പയ്യൂർ, നൊച്ചാട്, മാവൂർ, തിക്കോടി, തുറയൂർ, ഉള്ള്യേരി, കീഴരിയൂർ പഞ്ചായത്തുകളിലാണ് യാത്ര നടത്തിയത്. കുട്ടികളുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും ചർച്ചകളും ബോധവത്കരണവും നടത്തുകയാണ് യാത്രയിൽ ചെയ്യുന്നത്. ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിലും 49 പഞ്ചായത്തുകളിലും യാത്ര ഇതുവരെ പര്യടനം നടത്തിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ പൊലീസ് ഓഫീസർമാർക്കും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമത്തെക്കുറിച്ച് ബോധവത്കരണം നടത്തി. അടുത്ത ഘട്ടത്തിൽ ജില്ലയിലെ മുഴുവൻ സ്‌കൂൾ അധ്യാപകർക്കും തുടർന്ന് ഡോക്ടർമാർക്കും പോക്‌സോ നിയമത്തെക്കുറിച്ച് ബോധവത്കരണം നടത്തും.

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ആർ.എൽ ബൈജു, കോഴിക്കോട് ചൈൽഡ് ലൈൻ ജില്ലാ കോ ഓഡിനേറ്റർ എം.പി മുഹമ്മദലി, ഡയറക്ടർ ഇ.പി ഇമ്പിച്ചിക്കോയ, പൊലീസ് ജുവനൈൽ വിംഗ് എ.എസ്.ഐ രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.