കാൽപ്പന്തുകളിയുടെ ലഹരി പടർത്തികൊണ്ട് സെപ്തംബർ 27 ന് ജില്ലയിൽ ഗോൾ മഴ പെയ്യും. കൊച്ചിയിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോക കപ്പ് ഫുട്‌ബോൾ മത്സരത്തിന്റെ പ്രചാരണവുമായാണ് ജില്ലയുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഗോൾ പോസ്റ്റുകൾ ഉയരുക. തടുക്കാൻ ഗോളിയില്ലാത്ത ഗോൾപോസ്റ്റിലേക്ക് ആർക്കും ഗോളടിക്കാം. സംസ്ഥാന തലത്തിൽ നടക്കുന്ന വൺമില്ല്യൻ ഗോൾ കാമ്പയിനിലേക്ക് ജില്ലയുടെതായി രണ്ടുലക്ഷം ഗോളുകൾ സമ്മാനിക്കുകയാണ് ലക്ഷ്യം. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ജില്ലാ കലക്ടർ യു.വി.ജോസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം സംഘാടക സമിതി രൂപീകരിച്ചു.

സെപ്റ്റംബർ 27ന് വൈകിട്ട് മൂന്നു മുതൽ ഏഴുവരെ നടക്കുന്ന പരിപാടി ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും നേതൃത്വത്തിലാണ് അതാതിടങ്ങളിൽ സംഘടിപ്പിക്കുക. പഞ്ചായത്തുകളിൽ കുറഞ്ഞത് 2,000 ഗോളുകളും നഗരസഭകളിൽ 10,000 ഗോളുകളും അടിക്കും. പഞ്ചായത്തുകളിൽ കുറഞ്ഞത് രണ്ടു കേന്ദ്രങ്ങളാണ് വേണ്ടത്. നഗരങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളുണ്ടാകും. ഒരു കേന്ദ്രത്തിൽ കുറഞ്ഞത് 1,000 ഗോൾ അടിക്കണം.
ഒരു വ്യക്തിക്ക് ഒരു ഗോൾ മാത്രമേ അടിക്കാനാവൂ. ഓരോ സെന്ററിലും ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്താൻ ഒരു വോളണ്ടിയറിനെ ചുമതലപ്പെടുത്തും. മൊബൈൽ ആപ്ലിക്കേഷനിലൂടെ ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്തും. ഏറ്റവും കൂടുതൽ ഗോളടിക്കുന്ന പഞ്ചായത്ത്, കോർപ്പേറേഷൻ, മുനിസിപ്പാലിറ്റി, സ്‌കൂൾ, കോളേജ് എന്നിവയ്ക്ക് ഉപഹാരങ്ങൾ നൽകും, ഗോളടിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേർക്ക്കൊ ച്ചിയിൽ നടക്കുന്ന വേൾഡ് കപ്പിലെ ഓരോ മത്സരം കാണാൻ അവസരം ലഭിക്കും.<

പരിപാടിക്ക് പ്രചാരണം നൽകാനും സൗകര്യങ്ങളൊരുക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കും. ഇതിനായി 5,000 രൂപ ചെലവഴിക്കാനുള്ള അനുമതി പഞ്ചായത്തുകൾക്ക് നൽകിയിട്ടുണ്ട്.

സ്‌പോർട്‌സ് കൗൺസിൽ, യുവജനക്ഷേമബോർഡ്, നെഹ്‌റു യുവകേന്ദ്ര, ക്ലബുകൾ, എൻ.എസ്.എസ്., സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എൻ.സി.സി., വിവിധ സംഘടനകൾ, വിവിധ സർക്കാർ വകുപ്പുകൾ, കായികതാരങ്ങൾ എന്നിവർ പങ്കാളികളാകും. കായിക-യുവജന കാര്യാലയത്തിന്റെയും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റേയും നേതൃത്വത്തിലാണ് പരിപാടികൾ നടക്കുക.

യോഗത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് കെ.ജെ. മത്തായി, സെക്രട്ടറി പ്രേമൻ തറവട്ടത്ത് എന്നിവർ പങ്കെടുത്തു.