സർക്കാർ ഗ്യാരണ്ടിയോടെ നടത്തുന്ന നിക്ഷേപ സംവിധാനമായ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻറ് ഫണ്ട് ബോർഡിൽ (കിഫ്ബി) നിക്ഷേപത്തിനുള്ള സാധ്യത പ്രവാസികൾക്ക് നല്ലതുപോലെ ആരായാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതി വിപുലീകരണ സംസ്ഥാന കൺവെൻഷൻ കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസികൾ ജോലി ചെയ്ത് സമ്പാദിക്കുന്ന പണം എങ്ങിനെ വിനിയോഗിക്കണം എന്നതിൽ വേണ്ടത്ര മനസ്സിരുത്താത്ത അവസ്ഥ പലപ്പോഴും ഉണ്ടാവാറുണ്ട്. എങ്ങിനെ നിക്ഷേപിക്കണം, ഏതാണ് കൂടുതൽ പ്രയോജനം ലഭിക്കുക എന്ന കാര്യങ്ങൾ പഠിക്കാൻ പലരും തയാറാകാറില്ല. നല്ല തോതിലുള്ള നിക്ഷേപ സാധ്യതകൾ മലയാളിയുടെ മുന്നിൽ കുറവുമായിരുന്നു. റിയൽ എസ്‌റ്റേറ്റിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുന്ന ഇടപാടുകളിലും നിക്ഷേപിക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഇതിന്റെയൊക്കെ ഫലമായി വലിയ സാമ്പത്തിക തട്ടിപ്പിന് ഇരയായ ഒട്ടേറെ പേർ പ്രവാസികൾക്കിടയിലുണ്ട്. ഈ സാഹചര്യത്തിൽ പുതിയ നിക്ഷേപ സമ്പ്രദായങ്ങൾ കണ്ടെത്തണമെന്ന സർക്കാറിന്റെ ചിന്തയിൽനിന്നാണ് കിഫ്ബി രൂപം കൊണ്ടത്. അടുത്ത അഞ്ചു വർഷം കൊണ്ട് 50,000 കോടി രൂപ സമാഹരിക്കുന്ന പദ്ധതിയാണ്. അത് മൊത്തമായും ചില്ലറയായും സമാഹരിക്കും. ഇത് ഒരു വലിയ നിക്ഷേപ പദ്ധതിയായിട്ടാണ് വരിക. പ്രവാസികൾക്കായി കെ.എസ്.എഫ്.ഇ ചിട്ടി തുടങ്ങുകയാണ്. കേരളത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ തോതിൽ നിക്ഷേപ സാധ്യതകളുണ്ട്. സംസ്ഥാനത്ത് അഗ്രോപാർക്കുകൾ, ഇൻഡസ്ട്രിയൽ പാർക്കുകൾ എന്നിവ സ്ഥാപിക്കേണ്ടതായിട്ടുണ്ട്. ഇൻഫർമേഷൻ ടെക്‌നോളജി പാർക്കുകൾ ആരംഭിക്കാൻ കഴിയും. കൾച്ചറൽ കോംപ്ലക്‌സുകൾ നാടിന്റെ പല ഭാഗങ്ങളിലായി വരും. പ്രധാന റോഡുകൾ, പാലങ്ങൾ, തുറമുഖങ്ങൾ, വിമാനത്താവളം, റെയിൽവേ എന്നിവയിലെല്ലാം നിക്ഷേപ സാധ്യതകൾ സംസ്ഥാനത്ത് തുറന്നുകിടക്കുകയാണ്. ഇതിലൂടെ കേവലമായ നിക്ഷേപത്തിന് പുറമെ നാടിന്റെ വികസനത്തിൽ പങ്കു ചേരാനും പ്രവാസികൾക്ക് കഴിയും.
നോർക്ക ഡിപ്പാർട്ട്‌മെൻറ് പ്രൊജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻറ്‌സ് എന്ന പദ്ധതി വിപുലീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വിദേശത്ത് ജോലി ചെയ്ത് നാട്ടിലേക്ക് വരുന്നവരെ തൊഴിൽ സംരംഭകരാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. 20 ലക്ഷം വരെ മൂലധന ചെലവുള്ള സംരംഭങ്ങൾക്ക് 15 ശതമാനം സബ്‌സിഡി നോർക്ക റൂട്ട്‌സ് നൽകും. മുടക്കം കൂടാതെ വായ്പ തുക തിരിച്ചടക്കുന്നവർക്ക് ആദ്യത്തെ നാല് വർഷം മൂന്ന് ശതമാനം സബ്‌സിഡി ലഭിക്കും. ഇപ്പോൾ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യൂനിയൻ ബാങ്കും ബാങ്ക് ഓഫ് ഇന്ത്യയുമാണ് വായ്പ നൽകുന്നത്. നിലവിൽ 15,234 അപേക്ഷകൾ ബാങ്കുകളിലേക്ക് ശുപാർശ ചെയ്തു കഴിഞ്ഞിട്ടുണ്ട്. 1800 പേർ പുതിയ സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്നാലിത് പോര എന്നുള്ളതാണ് വസ്തുത. കാരണം അത്രയധികം പേർ തിരിച്ചുവരുന്നുണ്ട്. ഇത് വർധിപ്പിച്ച് പുതിയ സംരംഭങ്ങൾ തുടങ്ങാൻ വേണ്ടി കഴിയണം. വായ്പ തരപ്പെടുത്തുന്നതിന് പല വിധത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരുന്നുണ്ട്. ഇതിന്റെ നൂലാമാലകളിൽ കുരുങ്ങി മനസ്സ് മടുത്ത് ഉപേക്ഷിക്കുന്ന ആളുകളെ കാണാൻ കഴിയും. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണ് സർക്കാറിന് ലഭിക്കുന്നത്. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുക കൂടി ചെയ്യുന്ന പ്രവാസികളോട് അനുഭാവപൂർവം സമീപനം സ്വീകരിക്കാൻ ബാങ്കുകൾ തയാറാവണം. ബാങ്കുകളുടെ നിക്ഷേപത്തിലെ വലിയ പങ്ക് പ്രവാസികളുടേതാണ്. ബാങ്കുകൾ വളരുന്നതിൽ വലിയ പങ്ക് വഹിക്കുന്നരാണ് പ്രവാസികൾ എന്നത് കൂടി കണക്കിലെടുത്ത് വേണം അവർ നൽകുന്ന പദ്ധതികൾ പരിഗണിക്കാൻ. തൊഴിൽ സംരംഭങ്ങൾ പുതുതായി തുടങ്ങാൻ വേണ്ടി വരുന്നവർ ഒരു കാരണവശാലും നിരാശരാവേണ്ടി വരില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

പുതിയ സംരംഭകർക്ക് തൊഴിൽ വൈദഗ്ധ്യ പരിശീലനം നൽകാനും വിപണന സാധ്യത തിരിച്ചറിഞ്ഞുള്ള പ്രൊജക്ട് റിപ്പോർട്ട് തയാറാക്കാനും ബാങ്കിൽനിന്ന് വായ്പ നേടാനുള്ള ഉപദേശ നിർദേശങ്ങളും നൽകാനും സെൻറർ ഫോർ മാനേജ്‌മെൻറ് ഡവലപ്‌മെൻറിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിയമനടപടി നേരിടുന്നവർക്ക് അതത് രാജ്യങ്ങളിലെ അഭിഭാഷകരുടെ നിയമസഹായം ലഭ്യമാക്കാനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ ലോക സാംസ്‌കാരികോത്സവം സംഘടിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളുടെ അഭിപ്രായം സ്വരൂപിക്കുന്നതിനായി എം.പിമാരേയും എം.എൽ.എമാരേയും പ്രവാസികളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി അടുത്ത വർഷം ജനുവരിയിൽ ലോക കേരളസഭ ചേരും. രണ്ട് വർഷത്തിലൊരിക്കലാണ് ലോക കേരള സഭ ചേരുക. സുരക്ഷിതമായ വിദേശ ജോലി ഉറപ്പാക്കാൻ നോർക്ക് റൂട്ട്‌സ് വിദേശ തൊഴിൽ ദാതാക്കളുമായി ബന്ധപ്പെട്ട് റിക്രൂട്ട്‌മെൻറ് നടത്തുന്നുണ്ട്. സൗദി ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് അവിടെയുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്‌മെൻറ് നടത്താൻ നോർക്ക കരാർ ഒപ്പുവെച്ചിട്ടുണ്ട്. ഇതിലൂടെ അനധികൃത റിക്രൂട്ട്‌മെൻറുകളും വിസ തട്ടിപ്പുകളും തടയാനും കമീഷൻ ഇല്ലാതെ റിക്രൂട്ട്‌മെൻറ് നടത്താനും കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരളസഭ വെബ്‌സൈറ്റ് പ്രകാശനം, ധാരണാപത്രം കൈമാറൽ, പ്രവാസി ഓലൈൻ ഡാറ്റബോസ് ഉദ്ഘാടനം എന്നിവയും മുഖ്യമന്ത്രി നിർവഹിച്ചു.
തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഡോ. കെ.എൻ രാഘവൻ വിഷയാവതരണം നടത്തി. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി കുഞ്ഞിമുഹമ്മദ് ക്ഷേമനിധിയെക്കുറിച്ച് സംസാരിച്ചു. ഡോ. എം.കെ മുനീർ എം.എൽ.എ, കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ കെ.വി അബ്ദുൽഖാദർ, കാരാട്ട് റസാക്ക്, പാറക്കൽ അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, നോർക്ക റൂട്ട്‌സ് എക്‌സിക്യുട്ടീവ് വൈസ് ചെയർമാൻ കെ. വരദരാജൻ എന്നിവർ സംസാരിച്ചു. പ്രവാസി പുനരധിവാസ പദ്ധതി വിപുലീകരണം സംബന്ധിച്ച് ചർച്ചയും നടന്നു.