ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നായർകുഴിയിൽ ജലസേചനവകുപ്പ് നടപ്പാക്കുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നിർവഹിച്ചു.  പ്രദേശത്തെ  ഏകദേശം 177 ഹെക്ടർ സ്ഥലം കൃഷിയോഗ്യമാക്കുന്നതിനും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനുമായാണ് ഇരുവഞ്ഞിപ്പുഴയിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പാക്കുന്നത്. ഇരുവഞ്ഞിപ്പുഴയിൽ നിന്നും വെള്ളം കനാൽ വഴി കൃഷിയിടങ്ങളിലേക്ക് എത്തിക്കും. നബാർഡ് വിഹിതമായി 152 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 40 ലക്ഷം രൂപയും പദ്ധതിക്കായി ചെലവഴിക്കും. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിനൊപ്പം മുക്കം നഗരസഭയിലെ കർഷകർക്കും പ്രയോജനപ്പെടുന്ന  പദ്ധതി ഒരു കൊല്ലം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ചടങ്ങിൽ  പി.ടി.എ. റഹീം എം.എൽ.എ. അധ്യക്ഷത  വഹിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബീന  ഗ്രാമപഞ്ചായത്ത് വിഹിതം കൈമാറി. മുക്കം നഗരസഭാ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ, കോഴിക്കോട് മൈനർ ഇറിഗേഷൻ സർക്കിൾ സൂപ്രണ്ടിങ് എഞ്ചിനീയർ കെ.പി. രവീന്ദ്രൻ, ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബാബു തോമസ്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേശൻ, ജില്ലാ പഞ്ചായത്തംഗം പി.ടി. ഷറഫുന്നീസ ടീച്ചർ, ബ്ലോക്ക് പഞ്ചായത്തംഗം എ.കെ.ടി ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീജ വലിയതൊടികയിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.പി സുകുമാരൻ, കമല എം.പി, സെക്രട്ടറി അഭിലാഷ് എ.എൻ., കൃഷി ഓഫീസർ പ്രിയാ മോഹൻ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.