പോഷണ വൈകല്യത്തിനും വിളർച്ചയ്ക്കും ശാരീരികവും മാനസികവുമായി വികാസ വൈകല്യത്തിനും കാരണമാവുന്ന കുട്ടികളിലെ വിരബാധ തടയുന്നതിനായി സംഘടിപ്പിക്കുന്ന ദേശീയ വിരവിമുക്ത ദിനാചരണം ആഗസ്റ്റ് പത്തിന് നടക്കും. ഒന്നു മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്ക് വിരനശീകരണത്തിനുള്ള ആൽബൻന്റസോൾ ഗുളിക അങ്കണവാടികളിലൂടെയും സ്‌കൂളുകളിലൂടെയും സൗജന്യമായി നൽകും. വർഷത്തിൽ രണ്ടു പ്രാവശ്യം ആറു മാസം ഇടവിട്ട് വിരബാധയ്ക്ക് എതിരായ ഗുളിക ഒന്നു മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകുകയാണ് ലക്ഷ്യമിടുന്നത്. മണ്ണിലും വൃത്തിഹീനമായ സ്ഥലങ്ങളിലും കളിക്കുകയും പെരുമാറുകയും ചെയ്യുമ്പോൾ വിരകൾ നഖത്തിലൂടെയും മറ്റും ശരീരത്തിൽ പ്രവേശിക്കുന്നു. അതിനാൽ നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുകയും ഭക്ഷണത്തിനു മുമ്പ് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുകയും ചെയ്യേണ്ടതാണ്. കൂടാതെ പരിസരം വൃത്തിയായി സൂക്ഷിക്കുക, പാദരക്ഷകൾ ഉപയോഗിക്കുക, മലമൂത്ര വിസർജനം കക്കൂസിൽ മാത്രം നടത്തുക എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് 10 ന് ഉച്ച മൂന്നിന് കോഴിക്കോട് സെൻറ് ആഞ്ചലാസ് എ.യു.പി സ്‌കൂളിൽ കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കും.