കോഴിക്കോട് നാളികേരാധിഷ്ഠിത പ്രത്യേക കാർഷിക മേഖല രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനാ യോഗം സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ രാമചന്ദ്രന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു. നാളികേര കൃഷി മേഖലയുടെ ഉന്നമനത്തിനും കർഷകർക്ക് കൂടുതൽ ആദായം ലഭ്യമാക്കുന്നതിനുമായാണ് പ്രത്യേക കാർഷിക മേഖല രൂപപ്പെടുത്തുന്നത്. കാർഷിക രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യത്യസ്ത സംവിധാനങ്ങളെ ഏകോപിപ്പിച്ച് വിളവർധനവിനും വിപണനത്തിനും ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കും. നാളികേര കൃഷി ശാസ്ത്രീയവും സാങ്കേതികവുമായ ഘടകങ്ങൾ ഉപയോഗപ്പെടുത്തി വ്യാപിപ്പിക്കും. നാളികേര കൃഷി കൂടുതൽ നടക്കുന്ന പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാവും മേഖല രൂപപ്പെടുത്തുക. മണ്ണിന്റെ ഗുണനിലവാരം, നല്ലയിനം വിത്തുതേങ്ങയുടെ ലഭ്യത, മണ്ണ് പരിശോധിച്ച് കാർഡ് നൽകൽ, ജലസേചന സൗകര്യം, വിഗദ്ധ സേവനം ലഭ്യമാക്കൽ, വിളവെടുപ്പ് വിപണന സൗകര്യങ്ങൾ തുടങ്ങിയവയിൽ ശ്രദ്ധയൂന്നിക്കൊണ്ടുള്ള പദ്ധതി ആസൂത്രണമാണ് ഉണ്ടാവുക. പ്രത്യേക കാർഷിക മേഖലയിൽ ഉൾപ്പെടുത്തേണ്ട പഞ്ചായത്തുകൾ നിശ്ചയിക്കുന്നതിനായി സെപ്റ്റംബർ 27ന് വീണ്ടും യോഗം ചേരും.

യോഗത്തിൽ പ്ലാനിംഗ് ബോർഡ് മെംബർ ഡോ. ആർ. രാംകുമാർ, ജില്ലാ കളക്ടർ യു.വി ജോസ്, സി.പി.സി.ആർ.ഐ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. സി. തമ്പാൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എം.എ ഷീല, നബാർഡ് എ.ജി.എം ജയിംസ് പി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.