ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കോഴിക്കോടിന്റെ ഓണാഘോഷ പരിപാടികൾക്ക് ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമോതുന്ന ബക്രീദ് ദിനത്തിൽ തുടക്കമായി. കടപ്പുറത്തെ ബീച്ച് ഓപ്പൺസ്റ്റേജിലെ ടി എ റസാഖ് നഗറിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ തൊഴിൽ, എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ ഓണാഘോഷങ്ങളുടെ ഔപചാരികോദ്ഘാടനം നിർവഹിച്ചു. ബക്രീദും ഓണവും ഒന്നിച്ചുവരുന്ന ഈ സന്ദർഭത്തിൽ സമൂഹത്തിൽ സൗഹാർദമുണർത്തുവാൻ ഇത്തരം പരിപാടികൾക്ക് സാധിക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അതുകൊണ്ടു തന്നെ ഇത്തരമൊരു പ്രവർത്തനം ഒരു സത്കർമമാണെന്നും സമൂഹമൊന്നാകെ ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ. പ്രദീപ് കുമാര്‍ എം എൽ എ അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായി. അറബിക്കടലിന്റെ ഈ തീരത്ത് സാംസ്‌കാരിക പ്രവർത്തനത്തിന്റെ മഹനീയമാതൃകയാണ് ഈ ചടങ്ങെന്ന് മന്ത്രിപഞ്ഞു. ചടങ്ങിൽ പത്മശ്രീ ഗുരു ചേമഞ്ചേരി , നടി സുരഭി ലക്ഷ്മി എന്നിവരെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പൊന്നാടയണിയിച്ചും ഉപഹാരം നല്കിയും ആദരിച്ചു. പത്മശ്രീ മീനാക്ഷി ഗുരുക്കളെ മന്ത്രി ടി പി രാമകൃഷ്ണനും ആദരിച്ചു. അന്തരിച്ച തിരക്കഥാകൃത്ത് ടി എ റസാഖിനുള്ള ഉപഹാരം അദ്ദേഹത്തിന്റെ പത്‌നിയും മക്കളും ഏറ്റുവാങ്ങി. മേയർ തോട്ടത്തിൽ രവീന്ദ്രനും പുരുഷൻ കടലുണ്ടി എം എൽ എയും മുഖ്യാതിഥികളായി സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോർപ്പറേഷൻ കൗൺസിലർ തോമസ് മാത്യു, ഡി ടി പി സി എക്‌സിക്യൂട്ടീവ് മെമ്പർ എസ് കെ സജീഷ്, കെ സി അബു, എൻ സി അബൂബക്കർ, നമ്പിടി നാരായണൻ, ടി വി ബാലൻ, സി പി ഹമീദ്, കെ വി ബാബുരാജ്, സി പി ശിവദാസ്,പി ടി ആസാദ് എന്നിവർ സംസാരിച്ചു.ഡി ടി പി സി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ യു വി ജോസ് സ്വാഗതവും പോഗ്രാം കമ്മിറ്റി ചെയർമാൻ സി പി മുസാഫർ അഹമ്മദ് നന്ദിയും പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് ശേഷം ഇന്നലെ ബീച്ച് ഓപ്പൺ സ്റ്റേജിൽ വിജയ് യേശുദാസ്, മൃദുല വാര്യർ, അമൃതസുരേഷ് എന്നിവരും സുരഭി ലക്ഷ്മി, വിനോദ് കോവൂർ എന്നിവരും ചേർന്നൊരുക്കിയ മ്യൂസിക് ആന്റ് കോമഡി ഷോ നടന്നു. ഭട്ട് റോഡ് ബീച്ചിലെ സ്റ്റേജിൽ പ്രശസ്ത മജീഷ്യൻ പ്രദീപ് ഹുഡിനോയുടെ മാജിക് ഫിയാസ്റ്റ മാജിക് ഷോ നടന്നു. മാനാഞ്ചിറയിലെ വേദിയിൽ തലപ്പന്തുകളി, കേളികൊട്ട്, നാട്ടരങ്ങ് എന്നിവ നടന്നു. നാടകോത്സവത്തിന്റെ വേദിയായ ടൗൺഹാളിലെ വി ബാലചന്ദ്രൻ നഗറിൽ മലപ്പുറം ലിറ്റിൽ എർത്ത് തീയേറ്ററിന്റെ നാടകം ചില്ലറ സമരം അരങ്ങേറി.