കോഴിക്കോട് ജില്ലയിലെ കൈയേറ്റ വനഭൂമിയിലെ വനം-റവന്യൂ സംയുക്ത പരിശോധന വേഗത്തിൽ പൂർത്തിയാക്കാൻ വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർദേശം നൽകി. ഈ വിഷയത്തിൽ മറ്റ് ജില്ലകളിലും റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കും.
1977 ജനുവരി ഒന്നിന് മുമ്പുള്ള വനം കൈയേറ്റങ്ങൾ റഗുലറൈസ് ചെയ്യാനും അതിന് ശേഷമുള്ളത് ഒഴിപ്പിക്കാനും സർക്കാർ നേരത്തെ തീരുമാനിച്ചിട്ടുള്ളതാണ്. ജില്ലയിൽ പെരുവണ്ണാമൂഴി, കുറ്റ്യാടി, താമരശ്ശേരി എന്നിവിടങ്ങളിലാണ് വനം കൈയേറ്റമുള്ളത്. വനംസംരക്ഷണ നിയമപ്രകാരം റഗുലറൈസ് ചെയ്യാവുന്ന 1977 ജനുവരി ഒന്നിന് മുമ്പുള്ള വനം കൈയേറ്റ വിസ്തൃതി പെരുവണ്ണാമൂഴി-47 കൈയേറ്റം, 15.30 ഹെക്ടർ, കുറ്റ്യാടി-50 കൈയേറ്റം, 22.8085 ഹെക്ടർ എന്നിങ്ങനെ ആെക 38.1085 ഹെക്ടർ ആണെന്ന് കോഴിക്കോട് ഡി.എഫ്.ഒ അറിയിച്ചു. 1977 ജനുവരി ഒന്നിന് ശേഷമുള്ള വനം കൈയേറ്റം കുറ്റ്യാടി-21, പെരുവണ്ണാമൂഴി-145, താമരശ്ശേരി-94 എന്നിങ്ങനെ ആകെ 264 ആണ്. ഇത് ആകെ 125.315 ഹെക്ടറാണ്.

യോഗത്തിൽ ജില്ലാ കളക്ടർ യു.വി ജോസ്, വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ ഇ. പ്രദീപ് കുമാർ, എസ് ഷെയ്ഖ് ഹൈദർ ഹുസൈൻ, കെ.കെ. സുനിൽകുമാർ, പി.കെ. ആസിഫ്, ഡെപ്യൂട്ടി കളക്ടർ എൽ.ആർ റോഷ്‌നി നാരായണൻ എന്നിവർ പങ്കെടുത്തു.