ഓണം ബക്രീദ് ആഘോഷങ്ങൾക്ക് പൊലിമയേകാൻ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റേയും ഖാദി ഗ്രാമോദ്യോഗ് എംപോറ്റിയത്തിന്റെയും ആഭിമുഖ്യത്തിൽ ഖാദി ഉത്പന്നങ്ങളുടെ വിപണന മേള തുടങ്ങി. ചെറുട്ടി റോഡ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിലും മിഠായിതെരു ഖാദി ഗ്രാമോദ്യോഗ് എം പോറിയത്തിലും ഒരുക്കിയ മേള മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സഹനത്തിന്റേയും ദേശസ്നേഹത്തിന്റേയും പ്രതീകമായ ഖാദി ഉത്പന്നങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാകണമെന്ന് മന്ത്രി പറഞ്ഞു.

ഖാദി തുണിത്തരങ്ങളുടേയും ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളുടേയും വിപുലമായ ശേഖരമാണ് മേളകളിൽ ഒരുക്കിയിരിക്കുന്നത്. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റും തുകൽ ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം കിഴിവും ഫർണിച്ചറുകൾക്ക് 10 ശതമാനം കഴിവും ലഭിക്കും. 10 പവൻ സ്വർണ്ണ നാണയമുൾപ്പെടെയുള്ള സമ്മാനങ്ങളും നൽകും. ഖാദി ബോർഡ് മേളയുടെ ആദ്യ വിൽപന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട് നിർവ്വഹിച്ചു. സമ്മാന കൂപ്പൺ വിതരണം കവി പി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. ഖാദി ബോർഡ്‌ മാർക്കറ്റിംഗ് ഡയറക്ടർ ടി.ശ്യാംകുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.മോഹനൻ, ടി.വി.ബാലൻ, ടി.പി. ജയചന്ദ്രൻ മാസ്റ്റർ, സി.പി.ഹമീദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ടി. ശേഖർ, പ്രൊജക്ട് ഓഫീസർ കെ.പി.ദിനേശ് കുമാർ എന്നിവർ സംസാരിച്ചു.

ഖാദി എംപോറിയത്തിൽ നടന്ന ചടങ്ങിൽ പഴശ്ശിരാജ കോ ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡണ്ട് സി.പി, ഹമീദ് ആദ്യ വില്പന സ്വീകരിച്ചു. സർവോദയ സംഘം സെക്രട്ടറി എം.പരമേശ്വരൻ, പ്രസിഡണ്ട് വി.മോഹനദാസൻ, സി.സത്യചന്ദ്രൻ , ഡോ.എസ്.സുധ, പി.ആർ. സുനിൽ സിംഗ്, എം.കെ.ശ്യാം പ്രസാദ് എന്നിവർ സംസാരിച്ചു.