കേരളത്തിലെ കുടുംബശ്രീ ഉൽപ്പന്നങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിപണന സാധ്യതയാണെന്നും ഇ-കൊമേഴ്‌സിലൂടെ ഈ പരിമിതിയെ മറികടക്കാനാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് കോർപറേഷൻ കുടുംബശ്രീയുടെ സാംസ്‌കാരിക വിപണന മേള, കോഴിക്കോട് കോർപറേഷന്റെ ഇ-കൊമേഴ്‌സ് പോർട്ടൽ 'വൈഭവ്' എന്നിവയുടെ ഉദ്ഘാടനം കോഴിക്കോട് സ്വപ്‌നനഗരിയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

19 വർഷത്തെ പ്രവർത്തനം കൊണ്ട് ദാരിദ്ര്യ ലഘൂകരണത്തിന് മികച്ച സംഭാവന നൽകാൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. തനിമയും കേരളീയതയും സമന്വയിക്കുന്ന ഉൽപ്പന്നങ്ങൾ കുടുംബശ്രീയുടെ പ്രത്യേകതയാണ്. എന്നാൽ ഇവയുടെ വിപണനത്തിന് വേണ്ടത്ര മാർഗമില്ലാത്തത് തടസ്സമാവുന്നു. ഇ-കൊമേഴ്‌സ് ഈ പരിമിതിയെ മറികടക്കുന്ന സംവിധാനമാണ്. പുതിയ വിപണന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഏതു കോണിൽനിന്നും വാങ്ങാൻ കഴിയും. തപാൽ വകുപ്പുമായി സഹകരിച്ചാണ് കുടുംബശ്രീയുടെ ഓൺലൈൻ വിൽപന. ഓൺലൈനിൽ പണമടച്ച് ബുക്ക് ചെയ്താൽ ഏഴ് ദിവസത്തിനകം സാധനം വീട്ടിലെത്തുന്ന ഈ സംവിധാനത്തിലൂടെ കോഴിക്കോട് കോർപറേഷൻ കുടുംബശ്രീ കേരളത്തിന് പുതിയ മാതൃക കാട്ടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ അഞ്ച് ഉൽപ്പന്നങ്ങളാണ് ഓൺലൈനിലൂടെ വിപണിയിലെത്തിക്കുന്നത്. ഇത് വികസിക്കുമ്പോൾ ഓൺലൈൻ വിപണനത്തിലൂടെ കുടുംബശ്രീയെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയും. ഈ സർക്കാർ കുടുംബശ്രീക്ക് 161 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേന്ദ്ര പദ്ധതിയിൽനിന്ന് കുടുംബശ്രീക്കായി 90 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ആവശ്യമായ സാമ്പത്തിക പിന്തുണ നൽകി സർക്കാർ കുടുംബശ്രീക്ക് ഒപ്പമുണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംരംഭക മേള ആരോഗ്യ-സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എ. പ്രദീപ് കുമാർ എം.എൽ.എ, ഡെപ്യൂട്ടി മേയർ മീര ദർശക്, മുൻ മേയർ പ്രൊഫ. എ.കെ പ്രേമജം, സ്ഥിരം സമിതി അധ്യക്ഷരായ അനിത രാജൻ, എം. രാധാകൃഷ്ണൻ മാസ്റ്റർ, കെ.വി ബാബുരാജ്, പി.സി രാജൻ, ലളിത പ്രഭ തുടങ്ങിയവർ സംസാരിച്ചു.