കേരള സർക്കാർ തലത്തിൽ ക്ലിനിക്കൽ സൈക്കോളജിയിൽ ആദ്യ എം.ഫിൽ കോഴ്‌സ് ഇംഹാൻസിൽ ആരംഭിച്ചു. കോഴ്‌സിന്റെ ഔപചാരിക ഉദ്ഘാടനം കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എം.കെ.സി.നായർ നിർവഹിച്ചു. മാനസികാരോഗ്യ ചികിത്സാരംഗത്തെ വിവിധ തലങ്ങളുടെ ഏകോപനം ഈ രംഗത്ത് മികച്ച നേട്ടങ്ങൾക്ക് വഴി ഒരുക്കുമെന്ന് വൈസ് ചാൻസലർ പറഞ്ഞു. സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽവർക്കർ എന്നീ വിഭാഗങ്ങളിലുളള പ്രൊഫഷനുകൾ തമ്മിലുളള ഏകോപനമാണ് ആവശ്യം. അറിവും ബിരുദവും പോലെ തന്നെ പ്രധാനമാണ് ചികിത്സയോടുളള സമീപനവും. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുളള ചികിത്സ മാത്രമെ ഫലവത്താവുകയുളളൂ.

മാനസികാരോഗ്യ പരിപാലന രംഗത്ത് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സേവനം ഒഴിച്ച് കൂടാനാവാത്തതാണ്. രോഗനിർണയം മുതൽ ചികിത്സ വരെയുള്ള ഘട്ടങ്ങളിൽ ഇവർക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. എന്നാൽ ദേശീയതലത്തിൽ തന്നെ ഇത്തരം പ്രൊഫഷനലുകളുടെ അഭാവം മാനസികാരോഗ്യരംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുളളത്. ക്ലിനിക്കൽ സൈക്കോളജിയിൽ പരിശീലനത്തിന് വേണ്ടത്ര കേന്ദ്രങ്ങളും കോഴ്‌സുകളുമില്ലാത്തതാണ് പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ഇംഹാൻസ് എം.ഫിൽ കോഴ്‌സ് തുടങ്ങിയിരിക്കുന്നത്. എട്ടു സീറ്റുകളാണ് നിലവിലുളളത്. കേരള ആരോഗ്യ സർവ്വകലാശാലയുടെ കീഴിലുളള ആദ്യത്തെ കോഴ്‌സാണിത്. കേരളത്തിൽ സർക്കാർ മേഖലയിൽ ഈ കോഴ്‌സ് നടത്തുന്ന ഏക സ്ഥാപനവും ഇംഹാൻസ് ആണ്. ഈ രംഗത്ത് ഉന്നത പഠനം ആഗ്രഹിക്കന്നവർ കേരളത്തിനു പുറത്തുളള കേന്ദ്രങ്ങളെ  ആശ്രയിക്കുകയായിരുന്നു ഇതുവരെ. ഇതിന് ഒരു പരിധി വരെ ഇംഹാൻസിലെ കോഴ്‌സ് പരിഹാരമാകും.

ഇംഹാൻസ് ഡയറക്ടർ ഡോ. പി. കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഡോ. അബ്ദുൾ സലാം, ഡോ. അശോക് കുമാർ, നീലകണ്ഠൻ എ.എൻ., ഡോ. സീമ പി ഉത്തമൻ, അൽക്ക രാജു, ഹന്ന മായൻ എന്നിവർ സംസാരിച്ചു.